മനസ്സുനിറഞ്ഞൊരു ഗുരുവായൂർ ദർശനം.

മനസ്സുനിറഞ്ഞൊരു ഗുരുവായൂർ ദർശനം.

A Heartfelt Darshan at Guruvayur Sree Krishna Temple.

എൻ്റെ ഗുരുവായൂർ യാത്ര: ഒരുപാട് നാളത്തെ ആഗ്രഹവും ഗുരുവായൂർ ക്ഷേത്ര ദർശനവും അവിടെ കണ്ട കാഴ്ചകളും മറക്കാനാവാത്ത അനുഭവങ്ങളും.

ഗുരുവായൂർ ക്ഷേത്രത്തിൽ പോകണമെന്ന് എനിക്ക് ഒരുപാട് നാളായുള്ള ആഗ്രഹമായിരുന്നു. ഗുരുവായൂരപ്പനെ നേരിൽ കണ്ട് തൊഴാനും ക്ഷേത്രത്തിന്റെ അന്തരീക്ഷത്തിൽ കുറച്ചുനേരം ചെലവഴിക്കാനും ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ഗുരുവായൂരപ്പനെ കാണാൻ മനസ്സുകൊണ്ട് എത്ര ആഗ്രഹിച്ചാലും ആ യാത്രയ്ക്ക് ഒരു പ്രത്യേക സമയമുണ്ടെന്ന്. ഒരുപക്ഷേ, ആ വാക്കുകൾ ശരിയാണെന്ന് എനിക്കും തോന്നി. കാരണം, ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഗുരുവായൂരപ്പനെ ദർശിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.

ഗുരുവായൂരിലേക്ക് പോകാമെന്ന് തീരുമാനിച്ചതു മുതൽ മനസ്സിൽ ഒരുപാട് ചിന്തകളായിരുന്നു. എന്ത് വസ്ത്രം ധരിക്കണം, എപ്പോൾ പുറപ്പെടണം, എങ്ങനെ പോകണം എന്നൊക്കെ ആലോചിച്ചുകൊണ്ടിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ യാത്രയുള്ളതുകൊണ്ട് തലേദിവസം തന്നെ വീട്ടിൽനിന്ന് ഇറങ്ങാമെന്ന് തീരുമാനിച്ചു. അങ്ങനെ, ഞാനും അമ്മയും മാത്രമായി ഗുരുവായൂരിലേക്കുള്ള യാത്ര ആരംഭിച്ചു.

യാത്ര തുടങ്ങിയതു മുതൽ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന യാത്രയല്ലേ! എത്രയും പെട്ടെന്ന് ഗുരുവായൂരിലെത്തി ഗുരുവായൂരപ്പനെ കാണണമെന്നായിരുന്നു മനസ്സിൽ. പക്ഷേ, യാത്ര മുന്നോട്ട് പോകുന്തോറും ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് തോന്നി. സമയം പോകുന്നതേയില്ലെന്ന് തോന്നുന്ന തരത്തിൽ, ഓരോ നിമിഷവും വലിയ ആകാംക്ഷയോടെയാണ് ഞാൻ യാത്ര ചെയ്തത്.

മനസ്സുനിറഞ്ഞൊരു ഗുരുവായൂർ ദർശനം.

ഉച്ചയ്ക്ക് യാത്ര തുടങ്ങിയ ഞങ്ങൾ വൈകുന്നേരത്തോടെയാണ് ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും തോന്നി. ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷമായിരിക്കാം അത്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, ഗുരുവായൂരിൽ താമസിക്കുന്നവർ എന്തൊരു ഭാഗ്യം ചെയ്തവരാണെന്ന് എപ്പോൾ വേണമെങ്കിലും കണ്ണനെ കാണാൻ പോകാമല്ലോ. എനിക്ക് ആഗ്രഹം തോന്നിയിട്ടും ഇത്രയും നാൾ കാത്തിരിക്കേണ്ടിവന്നപ്പോൾ, ദിവസവും ഗുരുവായൂരപ്പനെ തൊഴാൻ കഴിയുന്നവരെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും അതിനൊപ്പം ചെറിയൊരു അസൂയയും തോന്നാറുണ്ട്.  

കണ്ണനെ കാണാൻ പോകുമ്പോൾ നന്നായി അണിഞ്ഞൊരുങ്ങി പോകണമെന്ന് അച്ഛമ്മ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്ന് രാത്രി തന്നെ നല്ലൊരു സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി ഞങ്ങൾ ദർശനത്തിനുള്ള വരിയിൽ നിന്നു. ഒരുപാട് നാളായി കാത്തിരുന്ന ആ നിമിഷം അടുത്തെത്തിയതിന്റെ സന്തോഷം വേറെയായിരുന്നു.അപ്പോഴാണ് അച്ഛമ്മ പറഞ്ഞ മറ്റൊരു കാര്യം പെട്ടെന്ന് ഓർമ വന്നത്. ഗുരുവായൂരിൽ ഒരു കുഞ്ഞിക്കണ്ണനുണ്ടെന്നും, കണ്ണനെ കാണാൻ പോകുമ്പോൾ കയ്യിൽ എന്തെങ്കിലും കരുതണമെന്നും അച്ഛമ്മ പറഞ്ഞിരുന്നു. അപ്പോൾ തന്നെ അമ്മയെ ദർശനത്തിനുള്ള വരിയിൽ നിർത്തിയിട്ട് ഞാൻ പുറത്തുവന്നു. അങ്ങനെ പട്ടും കദളിപ്പഴവും വെണ്ണയും വാങ്ങിയ കൂട്ടത്തിൽ കണ്ണന് ഏറ്റവും പ്രിയപ്പെട്ട തുളസിമാലയും വാങ്ങി.

ഗുരുവായൂരിൽ ഇരിക്കുന്ന കണ്ണൻ അത്ര ചില്ലറക്കാരനല്ലെന്നും ഭയങ്കര വികൃതിക്കാരനാണെന്നും നമ്മൾ കേട്ടിട്ടുണ്ടല്ലോ. പക്ഷേ, അന്ന് എനിക്ക് അത് ശരിക്കും ബോധ്യമായി! ഗുരുവായൂരിൽ എത്തിയെങ്കിലും എന്നെ അത്ര പെട്ടെന്നൊന്നും ദർശിക്കാൻ അനുവദിക്കില്ലെന്ന മട്ടിലായിരുന്നു കണ്ണൻ. കുറേ നേരം എന്നെ കാത്തുനിർത്തി. കണ്ണന്റെ ഒരു പരീക്ഷണമായിരുന്നിരിക്കാം, അല്ലെങ്കിൽ കണ്ണനുവേണ്ടി എന്തെങ്കിലും കരുതാൻ മറന്നുപോയതിന്റെ പരിഭവമായിരിക്കാം! എന്തായാലും, കണ്ണനെ കാണാനുള്ള എന്റെ കാത്തിരിപ്പ് നീണ്ടുകൊണ്ടേയിരുന്നു. 

മനസ്സുനിറഞ്ഞൊരു ഗുരുവായൂർ ദർശനം.

അങ്ങനെ അഞ്ച് മണിക്കൂർ കാത്തുനിന്നാണ് ഒടുവിൽ തൊഴാൻ കഴിഞ്ഞത്. ഇത്രയും നേരം എന്റെ കണ്ണനെ കാണാനായി കാത്തുനിന്നതല്ലേ, ഒടുവിൽ കണ്ണന് എന്നോട് അലിവ് തോന്നിക്കാണും. അങ്ങനെ ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണനെ നേരിൽ കാണാനും നിർമ്മാല്യദർശനം തൊഴാനും കഴിഞ്ഞു. 

എത്രനാളത്തെ ആഗ്രഹമായിരുന്നു അത്! കണ്ണനെ കണ്ട ആ നിമിഷം മനസ്സ് നിറഞ്ഞുപോയി. അറിയാതെ കണ്ണുകൾ നിറഞ്ഞു, കണ്ണുനീർ ഒഴുകാൻ തുടങ്ങി. സത്യത്തിൽ, ഇത്രത്തോളം ഭക്തി എന്റെ ഉള്ളിലുണ്ടായിരുന്നെന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത് അപ്പോഴാണ്. മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ ആ നിമിഷത്തിൽ, കണ്ണനെ നോക്കി ആ നടയിൽ അധികനേരം നിൽക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. കുറച്ചുനേരം മാത്രമേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും, ക്ഷേത്രത്തിലെ ഓരോ കോണിലും, അന്തരീക്ഷത്തിലും, അവിടത്തെ കാറ്റിൽ പോലും ഭഗവാന്റെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ തോന്നി. ആ അനുഭവം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്രയും നാൾ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായപ്പോൾ കിട്ടിയ സന്തോഷം ഇന്നും ഓർക്കുമ്പോൾ മനസ്സ് നിറയും.