01
മനസ്സുനിറഞ്ഞൊരു ഗുരുവായൂർ ദർശനം.
എൻ്റെ ഗുരുവായൂർ യാത്ര: ഒരുപാട് നാളത്തെ ആഗ്രഹവും ഗുരുവായൂർ ക്ഷേത്ര ദർശനവും അവിടെ കണ്ട കാഴ്ചകളും മറക്കാനാവാത്ത അനുഭവങ്ങളും.
പുന്നത്തൂർ കോട്ടയിലേക്ക്: ആനകളെ കാണാൻ ഒരു യാത്ര.
ഗുരുവായൂർ ആനക്കോട്ടയായ പുന്നത്തൂർ കോട്ടയിലേക്കുള്ള ഞങ്ങളുടെ യാത്രാനുഭവവും അവിടുത്തെ ആനക്കാഴ്ചകളും ചരിത്രവും വായിക്കാം.
ഗുരുവായൂർ അമ്പലദർശനം കഴിഞ്ഞപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള പുന്നത്തൂർ കോട്ട കാണാൻ പോകാമെന്നായി കുട്ടികളുടെ ആവശ്യം. ആനകളെ അടുത്തുനിന്ന് കാണാനുള്ള ആഗ്രഹമായിരുന്നു അവർക്ക്. അങ്ങനെ അമ്പലദർശനത്തിനു ശേഷമുള്ള ഞങ്ങളുടെ യാത്ര പുന്നത്തൂർ കോട്ടയിലേക്ക് തിരിഞ്ഞു.
ഗുരുവായൂർ അമ്പലത്തിൽ നിന്ന് അധികം ദൂരെയല്ലാത്തതിനാൽ പുന്നത്തൂർ കോട്ട കൂടി കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോൾ ഇത്രയധികം ആനകളെ ഒരുമിച്ച് കണ്ട കുട്ടികൾക്ക് വലിയ അതിശയമായിരുന്നു. ഓരോ ആനയെയും നോക്കി അവർ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. “ദേ അച്ഛാ, കൊമ്പില്ലാത്ത ആന! ദേ, ഒറ്റക്കൊമ്പുള്ള ആന!” എന്നൊക്കെ പറഞ്ഞ് ആനകളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ചില ആനകൾക്ക് കൊമ്പില്ലാത്തതെന്താണെന്നും മറ്റു ചില ആനകൾക്ക് ഒരു കൊമ്പ് മാത്രമുള്ളതെന്താണെന്നും അവർക്ക് അറിയണമായിരുന്നു.
ചില ആനകളെ കുളിപ്പിച്ച ശേഷം പാപ്പാന്മാർ തിരികെ കൊണ്ടുവരുന്നുണ്ടായിരുന്നു. ചില ആനകൾ തലകുലുക്കി നിൽക്കുമ്പോൾ മറ്റു ചിലത് നമ്മളെത്തന്നെ ഗൗരവത്തിൽ നോക്കി അനങ്ങാതെ നിൽക്കുന്നു. കുറച്ചുദൂരെ ഒരു ഷെഡിലും ചില ആനകളെ കണ്ടു. അവയെ ചട്ടം പഠിപ്പിക്കുന്നതിനാണോ അതോ നീരിൽ നിൽക്കുന്നതിനാണോ അവിടെ നിർത്തിയതെന്ന് അറിയില്ല. അങ്ങോട്ടേക്ക് സന്ദർശകർക്ക് പ്രവേശനാനുമതിയുമില്ല. അങ്ങനെ ആനകളെ കണ്ടുനടക്കുന്നതിനിടയിലാണ് അവിടെയുള്ള പഴയ നാലുകെട്ട് ശ്രദ്ധയിൽപ്പെട്ടത്.
അവിടെയുള്ള പഴയ നാലുകെട്ടിനെക്കുറിച്ച് എനിക്ക് ആദ്യം വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായിട്ടായിരുന്നു പുന്നത്തൂർ കോട്ടയിലേക്ക് പോകുന്നത്. അവിടെ കുറച്ചുനേരം ആനകളെ കണ്ടുനടന്നപ്പോഴാണ് ആ പഴയ വീടിനെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നിയത്.
പുന്നത്തൂർ കോട്ട ഒരുകാലത്ത് പുന്നത്തൂർ രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു. കൊട്ടാരവും അതിനോടുചേർന്നുള്ള സ്ഥലവും 1975-ൽ ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തതോടെയാണ് ഇവിടം ആനത്താവളമായി മാറിയത്. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ പാർപ്പിക്കുന്ന സ്ഥലമായി പുന്നത്തൂർ കോട്ട അറിയപ്പെടുന്നു. കൊട്ടാരത്തിന്റെ ഭാഗമായ നാലുകെട്ട് ഇപ്പോഴും അവിടെയുണ്ട്. പുറത്തുനിന്ന് കാണാമെങ്കിലും അകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല.
പുന്നത്തൂർ കോട്ടയുടെ ചരിത്രത്തെക്കുറിച്ച് അറിയുമ്പോൾ ഗുരുവായൂർ കേശവനെയും ഓർക്കേണ്ടതുണ്ട്. 1922 ജനുവരി 4-ന് നിലമ്പൂർ രാജകുടുംബം ഗുരുവായൂരപ്പന് സമർപ്പിച്ച ആനയായിരുന്നു കേശവൻ. വർഷങ്ങളോളം ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത കേശവന് 1973-ൽ 'ഗജരാജൻ' എന്ന ബഹുമതി ലഭിച്ചു. 1976 ഡിസംബർ 2-ന് ഗുരുവായൂർ ഏകാദശി ദിനത്തിലാണ് കേശവൻ ചരിഞ്ഞത്.
കേശവനുശേഷം ഗുരുവായൂരിലെ പ്രശസ്ത ആനകളിൽ ഒരാളായി മാറിയതാണ് പത്മനാഭൻ. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകളിൽ തിടമ്പേറ്റിയിരുന്ന പത്മനാഭനും ഭക്തർക്കിടയിൽ ഏറെ പരിചിതനായിരുന്നു. 2020 ഫെബ്രുവരി 26-നാണ് പത്മനാഭൻ ചരിഞ്ഞത്.
ഇതൊക്കെയായിരുന്നു പുന്നത്തൂർ കോട്ടയെക്കുറിച്ച് പിന്നീട് അറിയാൻ കഴിഞ്ഞ കാര്യങ്ങൾ. കുട്ടികൾ ആനകളെ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ തുടങ്ങിയ ഞങ്ങളുടെ സന്ദർശനം പിനീട് ആനകളെ കാണുന്നതിനൊപ്പം ഈ സ്ഥലത്തിന്റെ പഴയ ചരിത്രത്തെ കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു. അങ്ങനെ പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ മടങ്ങി.
Guruvayur is a popular destination in Kerala, known for Guruvayur Temple and its spiritual heritage. Explore the places to visit in Guruvayur