നാട്ടിക ബീച്ച്: എൻ്റെ കാഴ്ചയിൽ, എൻ്റെ ഓർമകളിൽ.

നാട്ടിക ബീച്ച്: എൻ്റെ കാഴ്ചയിൽ, എൻ്റെ ഓർമകളിൽ.

Nattika Beach: My Yearly Return to One of the Best Beaches in Thrissur.

ചെറുപ്പകാല ഓർമകളും പഴയ സൗഹൃദങ്ങളും മനസ്സിൽ നിറച്ച്, ഓരോ തവണയും നാട്ടിൽ തിരിച്ചെത്തുമ്പോൾ ഞാൻ തേടിയെത്തുന്ന നാട്ടിക ബീച്ചിനെക്കുറിച്ചുള്ള എന്റെ യാത്രാനുഭവം.

എനിക്ക് 22 വയസ്സുള്ളപ്പോഴാണ് ഞാൻ അബുദാബിയിൽ എത്തുന്നത്. ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച എല്ലാ ആൺകുട്ടികളെ പോലെ ഞാനും എൻ്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിച്ച തൃശ്ശൂരിൽ നിന്നും ഇവിടെ എത്തി. അബുദാബിയിൽ വന്നിട്ട് ഇപ്പൊ 14 വർഷമായി. ഈ 14 വർഷങ്ങൾക്കിടയിൽ ജീവിതം ഒരുപാട് മാറി. ജോലിയും ഉത്തരവാദിത്തവും മാത്രമായി ജീവിതം ഒതുങ്ങി. ഓരോ തവണയും നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുക്കുമ്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളുണ്ടാകും. പഴയ കൂട്ടുകാരെ കാണണം, ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ പോകണം, ഒരുപാട് നാളായി മാറ്റിവെച്ച കാര്യങ്ങൾ ചെയ്യണം. പക്ഷേ നാട്ടിലെത്തിക്കഴിഞ്ഞാൽ പല കാരണങ്ങൾകൊണ്ടും ആഗ്രഹിച്ച കാര്യങ്ങളിൽ പലതും നടക്കാറില്ല. എന്നാൽ, ഓരോ തവണ നാട്ടിൽ പോകുമ്പോഴും നാട്ടിക ബീച്ചിൽ പോകാറുണ്ട്.

നാട്ടിക ബീച്ച്: ഓർമകളിൽ ഇന്നും മായാത്ത ഒരു ഇടം.

എൻ്റെ വീട് നാട്ടിക ബീച്ചിന്റെ അടുത്താണ്. അതുകൊണ്ടുതന്നെ ബീച്ച് എനിക്ക് ഒരിക്കലും ഒരു വിനോദസഞ്ചാര കേന്ദ്രം അല്ലായിരുന്നു. ചെറുപ്പം മുതൽ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരിടമാണ്. നാട്ടിലുള്ളപ്പോൾ കൂട്ടുകാരുമായി മിക്ക്യ ദിവസവും ബീച്ചിൽ പോവാറുണ്ടായിരുന്നു. അന്നൊന്നും അതൊരു വലിയ കാര്യമായി തോന്നിയിട്ടില്ല. ഒഴിവുസമയം കിട്ടിയാൽ കൂട്ടുകാരെല്ലാം ഒത്തുകൂടും, പിന്നെ ബീച്ചിലേക്ക് പോകും. അവിടെ ഇരുന്ന് സംസാരിക്കും, തമാശകൾ പറയും, ഓരോ വിശേഷങ്ങളും പങ്കുവെക്കും. ചില ദിവസങ്ങളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല. എന്നാലും വൈകുന്നേരം ബീച്ചിൽ പോയി മടങ്ങുമ്പോൾ ഒരു സന്തോഷമുണ്ടായിരുന്നു. അന്ന് ജീവിതം ഇത്രയും ഉത്തരവാദിത്തങ്ങൾ നിറഞ്ഞതായിരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ ചെറിയ സന്തോഷങ്ങൾക്കൊക്കെ എത്രത്തോളം വിലയുണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു.

നാട്ടിക ബീച്ച്: എൻ്റെ കാഴ്ചയിൽ, എൻ്റെ ഓർമകളിൽ.

പണ്ടൊക്കെ ബീച്ചിൽ പോകുമ്പോൾ വാപ്പ പൊങ്ങച്ചം പോലെ പറയുമായിരുന്ന ചെമ്മീൻ സിനിമയുടെ ഷൂട്ടിങ്ങൊക്കെ ഇവിടെ വെച്ചാണ് നടന്നതെന്നും വാപ്പ അതൊക്കെ നേരിട്ട് കണ്ടിട്ടുണ്ടെന്നുമൊക്കെ. അന്നൊക്കെ വാപ്പ പറയുന്നത് കേട്ടിരിക്കുമായിരുന്നു. ഇന്ന് ഇതൊക്കെ ഓർക്കുമ്പോൾ നാടും വീടും വീട്ടുകാരും കൂട്ടുകാരുമൊക്കെ കാണാൻ വല്ലാത്തൊരു ആഗ്രഹം തോന്നും

കാലം മാറ്റിയ മനുഷ്യരും മാറാത്ത ഓർമകളും.

ഈ പ്രാവശ്യം നാട്ടിൽ പോയപ്പോൾ വീട്ടുകാരോടൊപ്പമാണ് ബീച്ചിൽ പോയത്. നാട്ടിക ബീച്ചിൽ എത്തുമ്പോഴെല്ലാം ഒരു പ്രത്യേക സന്തോഷമാണ്. അതോടൊപ്പം ചെറിയൊരു സങ്കടവും തോന്നും. കാരണം, കാലം ഒരുപാട് കടന്നുപോയി. കഴിഞ്ഞുപോയ ആ കാലമൊന്നും ഇനി തിരികെ കിട്ടില്ലല്ലോ. ഒരുകാലത്ത് കൂട്ടുകാരോടൊപ്പം ഒത്തുകൂടിയിരുന്ന ആ സ്ഥലങ്ങൾ വീണ്ടും കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു സങ്കടം തോന്നും. ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ കൂട്ടുകാരോടൊപ്പം സന്തോഷിച്ചുനടന്ന കാലമായിരുന്നു അത്. ഞങ്ങളുടെ സൗഹൃദത്തിന്റെയും ഒരുപാട് നല്ല ഓർമ്മകളുടെയും സാക്ഷിയായിരുന്നു നാട്ടിക ബീച്ച്. 

പക്ഷേ, ഈ പ്രാവശ്യം ബീച്ചിൽ പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചു. എന്റെ ഒരു കൂട്ടുകാരനെ അവിടെവെച്ച് കണ്ടു. ഒരുപാട് കാലത്തിന് ശേഷമാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അതും ഞങ്ങൾ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്ന നാട്ടിക ബീച്ചിൽ വെച്ചുതന്നെ. അവനെ കണ്ടപ്പോഴാണ് മനസ്സിലായത്, കാലം മാറിയതോടൊപ്പം ഞങ്ങളുടെ കോലവും മാറിയെന്ന്. അവസാനമായി കണ്ടപ്പോൾ ഞങ്ങൾ ചെറുപ്പക്കാരായിരുന്നു. ഞാൻ അബുദാബിയിലേക്ക് വന്നതിന് ശേഷം ഓരോരുത്തരായി കൂട്ടുകാരെല്ലാം പല വഴികളിലായി. ജോലിയും ജീവിതത്തിലെ തിരക്കുകളുമൊക്കെയായി വർഷങ്ങൾ കടന്നുപോയി. ഒരുകാലത്ത് മിക്ക ദിവസവും ഒരുമിച്ച് കണ്ടിരുന്നവർ ഇന്ന് വർഷങ്ങൾക്കുശേഷമാണ് വീണ്ടും കാണുന്നത്.

നാട്ടിക ബീച്ച്: എൻ്റെ കാഴ്ചയിൽ, എൻ്റെ ഓർമകളിൽ.

നാട്ടിക ബീച്ച്: ഇന്നും ആ പഴയ സൗന്ദര്യത്തിൽ

നാട്ടിക ബീച്ചിൽ എത്തിയപ്പോൾ തന്നെ പഴയ ഓർമകളെല്ലാം വീണ്ടും മനസ്സിലേക്ക് കടന്നുവന്നു . ഒരുകാലത്ത് കൂട്ടുകാരോടൊപ്പം സന്ധ്യകളും രാത്രികളും ചെലവഴിച്ചിരുന്ന അതേ ബീച്ച് ഇന്നുംഅതുപോലെ തന്നെ. കാലം മാറി, ഞങ്ങളുടെ ജീവിതവും കോലവും മാറി. പക്ഷേ, ആ ബീച്ചിൽ ചെലവഴിച്ച നിമിഷങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.

തിരിച്ച് അബുദാബിയിലേക്ക് പോകുന്നതിന് മുമ്പ് ഒരിക്കൽക്കൂടി നാട്ടിക ബീച്ചിലേക്ക് പോയി. ഇത്തവണ തനിച്ചായിരുന്നു. പതിവിലും കുറച്ചധികം നേരം അവിടെ ഇരുന്ന് കടലിലേക്ക് നോക്കി. മനസ്സിൽ ഒരുപാട് പഴയ ഓർമകൾ വന്നുപോയി. കൂട്ടുകാരോടൊപ്പം ഇവിടെ ചെലവഴിച്ചിരുന്ന ആ ദിവസങ്ങൾ ഇനി പഴയതുപോലെ തിരിച്ചുകിട്ടില്ലല്ലോ എന്നൊരു സങ്കടം. കുറച്ചുനേരം കൂടി അവിടെ ഇരുന്ന ശേഷം, പതിവുപോലെ നാട്ടിക ബീച്ചിനോട് യാത്ര പറഞ്ഞു മടങ്ങി. 

ഇനി വീണ്ടും നാട്ടിലെത്തുന്നതും ഈ ബീച്ചിലേക്ക് വരുന്നതും അടുത്ത വർഷമായിരിക്കാം. അതുവരെ കാത്തിരിക്കണം. ഓരോ തവണയും നാട്ടിക ബീച്ചിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ ഒരേ ചിന്തയാണ് കാലം എത്ര മാറിയാലും, നാട്ടിക ബീച്ചുമായുള്ള ഈ ബന്ധം മാത്രം അങ്ങനെത്തന്നെ തുടരും.